അബുദാബി: ഇന്ത്യയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാനക്കമ്പനി എമിറേറ്റ്സ് എയർലൈൻസെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 2022 അവസാന പാദത്തിലെ കണക്കനുസരിച്ച്, ആഭ്യന്തര വിമാനക്കമ്പനികളെ കൂടി ഉൾപ്പെടുത്തിയാൽ മൂന്നാമത്തെ വലിയ എയർലൈൻ കൂടിയാണിത്.
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറാൻ പോകുന്ന ഇന്ത്യയിലേക്ക് അടുത്ത 10 വർഷത്തേക്ക് യാത്രക്കാരുടെ തിരക്ക് കാണുമെന്ന് എമിറേറ്റ്സ് (ഇന്ത്യ, നേപ്പാൾ) വൈസ് പ്രസിഡന്റ് മുഹമ്മദ് സർഹാൻ പറഞ്ഞു. ഇന്ത്യയിൽ നിരവധി എയർലൈനുകൾ ഉണ്ടെങ്കിലും എമിറേറ്റ്സ് ഇന്ത്യയിൽ നിന്ന് കൂടുതൽ വിമാന സർവീസ് നടത്തുന്നുണ്ട്. ദുബായിൽ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് ആഴ്ചയിൽ 334 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.