കൊച്ചി: അന്താരാഷ്ട്ര സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റർ പസഫിക് ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള ഏറ്റവും പുതിയ ധനസമാഹരണത്തിലൂടെ 275 കോടി രൂപ നേടി നൈപുണ്യ വികസന കമ്പനിയായ നെക്സ്റ്റ് വേവ്. നിലവിലെ വെഞ്ച്വർ നിക്ഷേപകരായ ഒറിയോസ് വെഞ്ച്വർ പാർട്ണേഴ്സും ഇതിൽ പങ്കാളികളായി.
ഐഐടി ബോംബെ, ഐഐടി ഖരഗ്പൂര്‍, ഐഐടി ഹൈദരാബാദ് എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥികളായ ശശാങ്ക് റെഡ്ഡി ഗുജുല, അനുപം പെഡാരിയ, രാഹുൽ അറ്റുലൂരി എന്നിവർ ചേർന്ന് സ്ഥാപിച്ച നെക്സ്റ്റ് വേവ് പുതുതലമുറ ടെക്നോളജി പ്രൊഫഷനുകൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ നൈപുണ്യ പ്ലാറ്റ്ഫോമാണ്.
തങ്ങളുടെ പരിശീലനത്തിലൂടെ ജോലിക്ക് അനുയോജ്യമായ കഴിവുകൾ നേടിയ വിദഗ്ധ സാങ്കേതിക പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിൽ കമ്പനി മികച്ച വിജയം കൈവരിച്ചു. അതിവേഗം വളരുന്ന സ്റ്റാർട്ടപ്പുകൾ മുതൽ ഫോർച്യൂൺ 500 ൽ ഉൾപ്പെട്ട വന്‍കിട ബിസിനസുകാർ വരെയുള്ള 1,250 ലധികം കമ്പനികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നെക്സ്റ്റ് വേവിൽ പഠിച്ച ആയിരക്കണക്കിന് ആളുകളെയാണ് തിരഞ്ഞെടുത്തതെന്നും കമ്പനി വ്യക്തമാക്കി.