കുവൈത്ത് സിറ്റി: കുവൈത്തിൽ നിലവിൽ അനുഭവപ്പെടുന്ന ചില മരുന്നുകളുടെ ക്ഷാമം രണ്ട് മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ചില മരുന്നുകൾക്ക് ക്ഷാമമുണ്ടെങ്കിലും, ഇവയെല്ലാം ഏപ്രിലോടെ പരിഹരിക്കപ്പെടുമെന്നും പുതിയ മരുന്നുകളുടെ സ്റ്റോക്ക് രാജ്യത്ത് എത്തുമെന്നുമാണ് വിവരം. ഒരു പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പുതിയ സ്റ്റോക്കുകൾ സ്വീകരിക്കുന്നതിനും സംഭരിക്കുന്നതിനുമായി രാജ്യത്ത് മൊത്തം 5,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മൂന്ന് പുതിയ വെയർഹൗസുകൾ സ്ഥാപിച്ചിട്ടുണ്ട്. ജാബർ ഹോസ്പിറ്റൽ, ഓൾഡ് ജഹ്റ ഹോസ്പിറ്റൽ, സബഹാൻ എന്നിവിടങ്ങളിലാണ് ഈ വെയർഹൗസുകൾ സ്ഥിതിചെയ്യുന്നത്.
നിലവിൽ, 12 മാസത്തേക്കുള്ള ചില മരുന്നുകളുടെ തന്ത്രപ്രധാനമായ സ്റ്റോക്ക് രാജ്യത്തുണ്ട്. ഷിപ്പിംഗ്, ഗതാഗത സാഹചര്യങ്ങൾ, ഫാക്ടറികളുടെ അടച്ചുപൂട്ടൽ, മരുന്നുകളുടെ വില വർദ്ധനവ് തുടങ്ങിയ കാരണങ്ങളാണ് ചില മരുന്നുകൾ രാജ്യത്തേക്ക് എത്തിക്കുന്നത് വൈകാൻ കാരണമായതെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.