റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു. ഖാലിദിയ – ബലാദ് റൂട്ടിലാണ് സർവീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഔദ്യോഗിക ഉദ്ഘാടനം നടന്നതെങ്കിലും ബുധനാഴ്ചയാണ് പൊതു ഗതാഗത അതോറിറ്റിക്ക് കീഴിൽ റെഗുലർ സർവിസ് ആരംഭിച്ചത്. മദീന റോഡിലൂടെ കടന്നുപോകുന്ന ബസ് ഖാലിദിയയ്ക്കും ബലാദിനും ഇടയിൽ അമീർ സൗദ് അൽ ഫൈസൽ റോഡ് വഴി ദിവസേന സർവീസ് നടത്തും.
പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ് ഓടുന്നത്. ഒറ്റ ചാർജിൽ 300 കിലോമീറ്റർ ദൂരം ബസ് സഞ്ചരിക്കും. ഈ യാത്ര വിജയകരമാണെങ്കിൽ മറ്റ് പ്രദേശങ്ങളിലെ പൊതുഗതാഗതത്തിനായി റോഡിൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനാണ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്ദേശിക്കുന്നത്. മാർച്ചിൽ റിയാദിൽ ഇലക്ട്രിക് പാസഞ്ചർ ബസുകൾ സർവീസ് ആരംഭിക്കുമെന്ന് അതോറിറ്റി മേധാവി റുമൈഹ് അൽ റുമൈഹ് പ്രഖ്യാപിച്ചിരുന്നു.