ഹൈദരാബാദ്: ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയുമായി അടുത്ത ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്റിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ബുച്ചിബാബു ഗൊരണ്ട്ലയെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നാണ് സി.ബി.ഐ പറയുന്നത്.
കവിതയ്ക്ക് ബിനാമി നിക്ഷേപമുള്ള കമ്പനി, മദ്യവ്യാപാരത്തിന് സഹായം കിട്ടുന്നതിനായി എ.എ.പിക്ക് 100 കോടി കൈക്കൂലി നല്‍കിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കെ. കവിത, രാഘവ് മകുന്ത, എം എസ് റെഡ്ഡി, ശരത് റെഡ്ഡി എന്നിവരുടെ പങ്കാളിത്തത്തിലുള്ള സൗത്ത് ഗ്രൂപ്പ് എഎപിയുടെ വിജയ് നായർക്ക് 100 കോടി രൂപ നൽകിയതായാണ് കുറ്റപത്രത്തിൽ പറയുന്നത്.
കേസിലെ പ്രതിയായ അരുൺ രാമചന്ദ്രനെ ലക്ഷ്യമിട്ടായിരുന്നു കവിതയുടെ നീക്കങ്ങൾ. ഇന്തോ-സ്പിരിറ്റ് കമ്പനിയിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്നും ഇഡി പറയുന്നു. 100 കോടി രൂപ കൈക്കൂലി നൽകിയ സൗത്ത് ഗ്രൂപ്പിന് മദ്യ വിതരണത്തിനും നിരവധി റീട്ടെയില്‍ സോണുകൾക്കും മൊത്തത്തിൽ അനുമതി നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന ബുച്ചി ബാബുവിന് ബന്ധമുണ്ടെന്നാണ് സി.ബി.ഐ. വ്യക്തമാക്കുന്നത്.