യുഎഇ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുഎഇയിൽ 449 കൊറോണ കേസുകളും 1 മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മൊത്തം കേസുകൾ 48,246 ആയി വർധിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയിൽ ആകെ മരണം 314 ആണ്. ഇന്ന് 665 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 37,076 ആയി. യു.എ.ഇയിൽ സ്ഥിരീകരിച്ച കേസുകളിൽ 75 ശതമാനവും വൈറസിൽ നിന്ന് പൂർണമായും സുഖം പ്രാപിച്ചു.
രാജ്യത്തുടനീളം 43,000 കൊറോണ വൈറസ് പരിശോധനകൾ നടത്തിയ ശേഷമാണ് പുതിയ കേസുകൾ കണ്ടെത്തിയത്. യുഎഇ സർക്കാർ ഏർപ്പെടുത്തിയ സുരക്ഷയുടെയും ആരോഗ്യ നിർദ്ദേശങ്ങളുടെയും ലംഘനം നടത്തുന്നവർക്ക് പിഴ ഈടാക്കും. ലംഘനം ആവർത്തിക്കുന്നതായി കണ്ടെത്തിയവർക്ക് പിഴ ഇരട്ടിയാക്കും. മൂന്നാം തവണയും ലംഘനം ആവർത്തിക്കുകയാണെങ്കിൽ കുറ്റവാളികൾക്ക് നിയമനടപടി നേരിടേണ്ടിവരും. കൂടാതെ ആറുമാസം വരെ തടവോ ഒരു ലക്ഷത്തിൽ കുറയാത്ത പിഴയോ ലഭിക്കും.