കൊച്ചി: വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാളെ അറസ്റ്റ് ചെയ്തു. തൃശൂർ മാള സ്വദേശി സുകുമാരനാണ് (62) അറസ്റ്റിലായത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് എസ്ജി 17 വിമാനത്തിൽ ഞായറാഴ്ചയാണ് സംഭവം.
വിമാനം പറക്കുന്നതിനിടെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടപ്പോഴാണ് ജീവനക്കാർ സംഭവം അറിയുന്നത്. വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തപ്പോൾ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റി ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സുകുമാരനെ കസ്റ്റഡിയിലെടുത്തു.
നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ പരാതിയിൽ നെടുമ്പാശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.