അബുദാബി: കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പരമാവധി 1,000 ദിർഹം (22,216 രൂപ) വരെ പിഴ ചുമത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്. കാലപരിധി കഴിഞ്ഞ് 30 ദിവസത്തിൽ കൂടുതലായാൽ പ്രതിദിനം 20 ദിർഹം (444 രൂപ) വീതം പിഴ ഈടാക്കും.
എമിറേറ്റ്സ് ഐഡി വിസ വിവരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, വിസയുടെ കാലാവധി തീരുന്നതിനൊപ്പം ഐഡി കാർഡ് പുതുക്കേണ്ടതുണ്ട്. പുതുക്കിയില്ലെങ്കിൽ, ഐസിപിയുടെ വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ രജിസ്റ്റർ ചെയ്ത് വ്യക്തിക്ക് നേരിട്ട് പുതുക്കാൻ കഴിയും. അല്ലെങ്കിൽ അംഗീകൃത ടൈപ്പിംഗ് സെന്ററുകളെ ആശ്രയിക്കാം.
വ്യക്തിഗത വിവരങ്ങൾ പിശകുവരുത്താതെ ടൈപ്പ് ചെയ്ത് കളർ ഫോട്ടോയും പാസ്പോർട്ട് പകർപ്പും അറ്റാച്ച് ചെയ്ത് ഫീസ് അടച്ച് കഴിഞ്ഞാൽ കാർഡ് കൊറിയറിൽ വീട്ടിലെത്തിക്കും. സ്വന്തമായി ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഉപഭോക്തൃ കേന്ദ്രങ്ങളിലോ ടൈപ്പിംഗ് സെന്ററുകളിലോ നേരിട്ട് പുതുക്കാം.