ന്യൂഡല്‍ഹി: കുറഞ്ഞ റീചാർജ് നിരക്കുകൾ ഉയർത്തി ഭാരതി എയർടെൽ. ഇത്തവണ, രാജ്യത്തുടനീളമുള്ള ഏഴ് സർക്കിളുകളിൽ മിനിമം റീചാർജ് നിരക്ക് 155 രൂപയായി ഉയർത്തി. 99 രൂപയുടെ റീചാർജ് പ്ലാൻ നിർത്തലാക്കുകയാണ് ചെയ്തത്.
ഇതോടെ ഈ സർക്കിളുകളിലെ കുറഞ്ഞ നിരക്കിൽ ഒറ്റയടിക്ക് 57 ശതമാനം വർധനവുണ്ടായി. ആന്ധ്രാപ്രദേശ്, ബീഹാർ, ഹിമാചൽ പ്രദേശ്, കർണാടക, നോർത്ത് ഈസ്റ്റ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയാണ് ഈ സർക്കിളുകൾ. നിരക്ക് വർധനവ് എയർടെല്ലിന്റെ 40 ശതമാനത്തിലധികം ഉപഭോക്താക്കളെ ബാധിക്കും. കഴിഞ്ഞ വർഷം നവംബറിൽ ഹരിയാന, ഒഡീഷ സർക്കിളുകളിലെ 99 രൂപ പ്ലാനുകൾ കമ്പനി നിർത്തലാക്കിയിരുന്നു. നിരക്ക് വർധനവ് മറ്റ് മേഖലകളിലും ഉടൻ നടപ്പാക്കുമെന്നാണ് വിവരം.
വരിക്കാരിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ടെലികോം മേഖലയിലെ ഏറ്റവും ഉയർന്ന ശരാശരി വരുമാനം(190 രൂപ) ലഭിക്കുന്നത് എയർടെല്ലിനാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഈ വരുമാനം 25 ശതമാനം വർധിച്ചു. 178.2 രൂപയാണ് റിലയൻസ് ജിയോയുടെ വരുമാനം. തൽക്കാലം 5 ജി സേവനങ്ങൾക്കായി പ്രത്യേക പ്ലാനുകൾ ഉണ്ടാകില്ലെന്ന് എയർടെൽ നേരത്തെ സൂചന നൽകിയിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, 4 ജി സേവന നിരക്കുകൾ വർധിപ്പിക്കാനും വരുമാന വളർച്ച സൃഷ്ടിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.