മനാമ: ടെർമിനലിലെ യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും ക്ഷേമം സംരക്ഷിക്കുന്നതിനായി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം (ബിഎഎ) കൂടുതൽ ആരോഗ്യ-സുരക്ഷാ നടപടികൾ ആവിഷ്കരിക്കുന്നതായി ബഹ്റൈൻ എയർപോർട്ട് കമ്പനി (ബിഎസി) പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വ്യോമയാന റെഗുലേറ്ററായ ബഹ്റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സ് അഡ്വൈസറി സർക്കുലറിന് അനുസൃതമായിട്ടാണ് ആരോഗ്യ-സുരക്ഷാ നടപടികൾ ആവിഷ്കരിക്കുന്നത്.
കോവിഡ് – 19 പാൻഡെമിക് ആരംഭിച്ചതു മുതൽ ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്യുന്ന നിരവധി മുൻകരുതൽ നടപടികൾ ബഹ്റൈൻ എയർപോർട്ട് കമ്പനി നടപ്പാക്കിയിട്ടുണ്ട്. കൂടാതെ യാത്രക്കാരുടെയും എയർപോർട്ട് ഉദ്യോഗസ്ഥരുടേയും രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി എയർപോർട്ടിലെ പങ്കാളികളുമായി ചേർന്ന് പ്രവർത്തിച്ചതായും ബിഎസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് യൂസിഫ് അൽ ബിൻഫാല പറഞ്ഞു. സാഹചര്യം വികസിക്കുന്നതിനനുസരിച്ച് പുതിയ ശാസ്ത്രീയ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി നടപടികൾ പതിവായി അപ്ഡേറ്റ് ചെയ്യും.
പുതിയ ആരോഗ്യ-സുരക്ഷാ നടപടികൾക്ക് അനുസരിച്ച് ടെർമിനലിലേക്കുള്ള പ്രവേശനം എയർപോർട്ട്, എയർലൈൻ സ്റ്റാഫ്, യാത്രക്കാർ എന്നിവയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എയർപോർട്ടിലെ എല്ലാ യാത്രക്കാർക്കും എയർപോർട്ട് സ്റ്റാഫുകൾക്കും ഫെയ്സ് മാസ്കുകൾ ധരിക്കേണ്ടത് നിർബന്ധമാണ്.
കൊറോണ വൈറസ് പാൻഡെമിക് സമയത്ത് കൂടുതൽ സ്ക്രീനിംഗ് നടപടിക്രമങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ യാത്രക്കാർ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പേ വിമാനത്താവളത്തിൽ എത്തിച്ചേരേണ്ടതുണ്ട്. ടെർമിനലിലേക്കുള്ള എല്ലാ പ്രവേശന സ്ഥലങ്ങളിലും ബോർഡിംഗിന് മുമ്പും താപനില സ്ക്രീനിംഗ് നിർബന്ധമാണ്. യാത്രക്കാർ ടെർമിനലിലും ഓഫീസുകളിലും സാമൂഹിക അകലം പാലിക്കേണ്ടതാണ്. ഒപ്പം അവരുടെ അകലം പാലിക്കാൻ ഓർമ്മപ്പെടുത്തുന്നതിനായി കാൽപ്പാടുകളുടെ സ്റ്റിക്കറുകളും സീറ്റ് ബ്ലോക്കറുകളും ഉണ്ട്.
പൊതുവായ വൃത്തിയാക്കലിനും അംഗീകൃത അണുനാശിനി പ്രോഗ്രാമിനും പുറമേ, പതിവായി സ്പർശിക്കുന്ന എല്ലാ ഉപരിതലങ്ങളും ശുചിത്വവൽക്കരിക്കപ്പെടുന്നു. കൂടാതെ സുരക്ഷാ സ്ഥലങ്ങളുടെ പ്രവേശനത്തിലും പുറത്തുകടക്കുമ്പോഴും പ്ലാസ്റ്റിക് സുരക്ഷാ ട്രേകൾ വൃത്തിയാക്കുന്നു. ബഹ്റൈൻ എയർപോർട്ട് കമ്പനി കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ ടാസ്ക്ഫോഴ്സിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയും പദ്ധതികൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു.