യുഎഇ: 44 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അവരുടെ മാതൃരാജ്യത്ത് നിന്നുള്ള ലൈസൻസ് ഉപയോഗിച്ച് ഇനി യുഎഇയിൽ വാഹനമോടിക്കാം. കൂടാതെ, യുഎഇയിലെ റെസിഡൻസ് വിസ ഉണ്ടെങ്കിൽ, പ്രത്യേക ഡ്രൈവിംഗ് പരിശീലനമോ പരീക്ഷകളോ ഇല്ലാതെ തന്നെ യുഎഇയിലെ ഡ്രൈവിംഗ് ലൈസൻസും ലഭിക്കും. സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസിന് കാലാവധി ഉണ്ടായിരിക്കണം.
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായവും പൂർത്തിയാക്കണം. ഡ്രൈവ് ചെയ്യുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും സമർപ്പിക്കണം. എസ്തോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രെയ്ൻ, ബൾഗേറിയ, സ്ലൊവാക്യ, സ്ലൊവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്ലാൻഡ്, മോണ്ടിനെഗ്രോ, യുഎസ്, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമ്മനി, സ്വീഡൻ, ഇറ്റലി, അയർലൻഡ്, ഫിൻലൻഡ്, യുകെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, സ്പെയിന്, നോര്‍വേ, ന്യൂസീലന്‍ഡ്, റൊമേനിയ, സിങ്കപ്പൂര്‍, ഹോങ്കോങ്, നെതര്‍ലന്‍ഡ്, ഡെന്മാര്ക്ക്, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഈ ആനുകൂല്യത്തിന് അർഹതയുണ്ട്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ ലളിതമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും നിയമ അവബോധം നൽകുന്നതിനായി മന്ത്രാലയം വെബ്സൈറ്റിൽ ഒരു പ്രത്യേക സേവനവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ ലൈസൻസുള്ള താമസക്കാർക്കും സന്ദർശകർക്കും തൽക്കാലം ഇളവുകളൊന്നുമില്ല. യുഎഇയിൽ ഡ്രൈവ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിർബന്ധമായും ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കുകയും പരീക്ഷ പാസാകുകയും ലൈസൻസ് നേടുകയും വേണം.