കോഴിക്കോട്: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ ജനുവരി 15 മുതൽ ആറ് മാസത്തേക്ക് പകൽ അടച്ചിടും. റൺവേ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ആറ് മാസത്തേക്ക് സർവീസുകൾ പുനഃക്രമീകരിക്കാൻ അധികൃതർ തീരുമാനിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് റൺവേ അടച്ചിടുക. ഈ സാഹചര്യത്തിലാണ് പകൽ സമയ ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ തീരുമാനിച്ചത്. നിലവിൽ ഈ സമയത്ത് ഒരോ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ആണുള്ളത്.
രാവിലെ 10.50ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ ഡൽഹി വിമാനത്തിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആഴ്ചയിൽ ആറ് ദിവസമാണ് ഈ സർവീസുള്ളത്. ജനുവരി 14 മുതൽ ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.30 നും ഞായർ, ചൊവ്വ ദിവസങ്ങളിൽ രാത്രി 8.55 നും ഈ വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെടും.
സലാം എയറിന്റെ സലാല സർവീസിലും സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. സലാലയിൽ നിന്ന് പുലർച്ചെ 4.40ന് പുറപ്പെട്ട് 10.15ന് കരിപ്പൂരിലെത്തേണ്ട വിമാനം ജനുവരി 17 മുതൽ 2.35നാകും പുറപ്പെടുക. രാവിലെ 8.10ന് കരിപ്പൂരിൽ എത്തുന്ന വിമാനം രാത്രി 8.55ന് മടങ്ങും. പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങൾക്ക് യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് കരിപ്പൂർ ഡയറക്ടർ അറിയിച്ചു.