കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസിൽ കാസർകോട് ജില്ലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സുരേന്ദ്രനടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരേന്ദ്രന്റെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറും ബിജെപി മുൻ ജില്ലാ പ്രസിഡന്റുമായ അഡ്വ.കെ.ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച നേതാവ് സുനിൽ നായിക്, വൈ.സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ജനാധിപത്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകൾ പ്രകാരവും പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുകൾ പ്രകാരവുമാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും സ്മാർട്ട്ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്താൻ മുന്നോട്ട് വന്നിരുന്നു. തുടർന്ന് അന്നത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.വി. രമേശന്റെ പരാതിയിൽ 2021 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്തത്.