മുംബൈ: രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറിയുമായി മുംബൈ താരം പൃഥ്വി ഷായുടെ വെടിക്കെട്ട് പ്രകടനം. അസമിനെതിരായ മത്സരത്തിലായിരുന്നു പൃഥ്വി ഷാ ട്രിപ്പിൾ സെഞ്ചുറി നേടിയത്. കഴിഞ്ഞ ദിവസം ഇരട്ട സെഞ്ചുറി നേടിയ അദ്ദേഹം ബുധനാഴ്ച 379 റൺസിന് പുറത്തായി. രഞ്ജി ട്രോഫിയിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 382 പന്തുകൾ നേരിട്ട അദ്ദേഹം 49 ബൗണ്ടറികളും നാല് സിക്സറുകളും പറത്തി.
അസം സ്പിന്നർ റിയാൻ പരാഗാണ് താരത്തെ പുറത്താക്കിയത്. രഞ്ജി ട്രോഫിയിലെ കഴിഞ്ഞ മത്സരങ്ങളിൽ മികച്ച സ്കോർ നേടാൻ പൃഥ്വിക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ ഏഴ് ഇന്നിങ്സുകളിൽ നിന്ന് 160 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 598 റൺസെന്ന നിലയിലാണ്.
അസമിനെതിരെ രഞ്ജി ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്കോറാണ് പൃഥ്വി ഷാ നേടിയത്. രഞ്ജി ട്രോഫിയിലെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡ് മഹാരാഷ്ട്രയ്ക്കായി പുറത്താകാതെ 443 റൺസെടുത്ത ബാവ്സാഹേബ് നിംബാൽകറിന്റെ പേരിലാണ്.