ടേം ബി വായ്പാ വിഭാഗത്തിൽ സമാഹരിച്ച 1.2 ബില്യൺ ഡോളറിന്റെ ഒരു വിഹിതം തിരിച്ചടയ്ക്കാൻ പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസ് വായ്പക്കാരോട് കൂടുതൽ സമയം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച കരാറിൽ ഒപ്പിടാൻ വായ്പക്കാർക്ക് ചൊവ്വാഴ്ച വരെ സമയമുണ്ട്. ടേം ബി വായ്പകളിൽ കൂടുതൽ അനുകൂല നിബന്ധനകൾ ചർച്ച ചെയ്യാൻ ഫെബ്രുവരി 10 വരെ ഇത് കമ്പനിയെ അനുവദിക്കും. ഈ കരാർ പുനർനിർമ്മിക്കാൻ ഭൂരിഭാഗം വായ്പക്കാരുടെയും അനുമതി ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ടേം ബി ലോൺ വിഭാഗത്തിൽ 5 വർഷത്തെ കാലാവധിയിലാണ് ബൈജൂസ് പണം സമാഹരിച്ചത്. തിരിച്ചടവ് തേടുന്നവരിൽ ഭൂരിഭാഗവും ആദ്യ വായ്പാ ദാതാക്കളിൽ നിന്ന് വായ്പ എടുത്തവരാണ്. വായ്പ ലംഘിച്ചതിനെ തുടർന്നാണ് തിരിച്ചടവ് നടപടികൾ സ്വീകരിച്ചത്. ബ്ലൂംബെർഗ് സമാഹരിച്ച ഡാറ്റ അനുസരിച്ച്, ഈ ബോണ്ടുകളുടെ മൂല്യം നിലവിൽ 81.9 സെന്റ് ആണ്. യുഎസ് യൂണിറ്റിലെ ബൈജൂസിന്റെ 850 മില്യൺ ഡോളർ ക്യാഷ് റിസർവ് വായ്പകൾ തിരിച്ചടിവിന് ഉപയോഗിക്കണമെന്ന് കടപ്പത്ര ഉടമകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വായ്പ തിരിച്ചടയ്ക്കേണ്ടി വന്നാൽ അത് യുഎസിലെ ബൈജുസിന്റെ പ്രവർത്തനങ്ങളെ ബാധിച്ചേക്കും. ഇത് കമ്പനി നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. എന്നാൽ ഇതുവരെ ബൈജൂസ് പ്രതികരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. 2020-21 സാമ്പത്തിക വർഷത്തിൽ 4,500 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനം 83 കോടി രൂപ കുറഞ്ഞ് 2,428 കോടി രൂപയായി. 2021-22 സാമ്പത്തിക വർഷത്തെ കണക്കുകൾ ബൈജൂസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.