തിരുവനന്തപുരം: അനർഹർക്കുള്ള ആനുകൂല്യം ഒഴിവാക്കുന്ന പേരിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പെൻഷനിലും സർക്കാരിൻ്റെ വെട്ട്. സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പെൻഷൻ വിതരണം നിർത്തുമെന്ന് ഉത്തരവിൽ പറയുന്നു. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമേ കേന്ദ്ര നിയമപ്രകാരം സ്ഥിരം അംഗവൈകല്യ സർട്ടിഫിക്കറ്റ് ലഭിക്കൂ എന്നിരിക്കെയാണ് ആയിരക്കണക്കിന് ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള സർക്കാരിന്റെ അനീതി.
ബിപിഎൽ കാർഡ് ഉള്ളവർക്കും ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കും ആണ് പ്രതിമാസം 1,600 രൂപ വികലാംഗ പെൻഷൻ. 40 ശതമാനം ഭിന്നശേഷിയാണ് മാനദണ്ഡം. എന്നാൽ ഇനി ഈ രീതിയിൽ പെൻഷൻ വിതരണം ചെയ്യേണ്ടെന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം. പെൻഷനായി പെർമനന്റ് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ യു.ഡി.ഐ.ഡി കാർഡ് ഹാജരാക്കണം. എന്നിരുന്നാലും, കേന്ദ്ര നിയമമനുസരിച്ച്, ഈ സർട്ടിഫിക്കറ്റ് മൂന്ന് ഘട്ടങ്ങളിലായാണ് നൽകുന്നത്. 5 വയസ്സ് വരെ, 5 മുതൽ 10 വയസ്സ് വരെ,10 മുതൽ 18 വയസ്സ് വരെയും താത്കാലികമായാണ് സർട്ടിഫിക്കറ്റ്. 18 വയസ്സ് കഴിഞ്ഞാൽ മാത്രമേ പെർമനന്റ് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കൂ. അതിനുശേഷം കേന്ദ്രസർക്കാരിന്റെ യു.ഡി.ഐ.ഡി കാർഡ് ലഭിക്കാൻ രണ്ട് വർഷമെടുക്കും.
സർക്കാരിൽ നിന്ന് നിർദ്ദേശം ലഭിച്ചതോടെ പല പഞ്ചായത്തുകളും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പെൻഷൻ തുടരാൻ കഴിയില്ലെന്ന് അറിയിച്ച് കത്തയയ്ക്കാൻ തുടങ്ങി. കുട്ടികളെ പരിപാലിക്കാൻ ജോലി ഉപേക്ഷിക്കേണ്ടിവരുന്ന മാതാപിതാക്കൾക്ക് മുന്നിൽ ഒരു ഇടിത്തീ പോലെയാണ് ഈ തീരുമാനം.