കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ പരാതി നൽകാൻ സമയം നീട്ടേണ്ട ആവശ്യമില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. പരാതികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ ഹർജിയിൽ കക്ഷിയാകാനുള്ള ശ്രമങ്ങൾ കേരളം തുടരുകയാണെന്നും ശശീന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.
ബഫർ സോൺ വിഷയത്തിൽ പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ 63,500 പരാതികളാണ് സർക്കാരിനു ലഭിച്ചത്. ഇതിൽ 24,528 പരാതികൾ തീർപ്പാക്കി. മറ്റുള്ളവ പരിശോധിച്ച് തീർപ്പാക്കുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടില്ല. നാളെ ചേരുന്ന വിദഗ്ധ സമിതി ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി വിലയിരുത്തും.
ഒരു തവണ സമയം നീട്ടിയ സ്ഥിതിക്ക്, പരാതി നൽകാൻ കൂടുതൽ സമയം നൽകേണ്ടതില്ല. ഇതുവരെ ലഭിച്ച പരാതികളിൽ പലതും അനാവശ്യ പരാതികളാണെന്ന് പരിശോധനയിൽ കണ്ടെത്തി. സമയപരിധി നീട്ടണമെന്ന ജോസ് കെ മാണിയുടെ ആവശ്യത്തിൽ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതെന്നും ശശീന്ദ്രൻ പറഞ്ഞു.