തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളത്തെച്ചൊല്ലിയുള്ള വിമർശനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും മട്ടന്നൂർ എം.എൽ.എയുമായ കെ.കെ ശൈലജ. രാഷ്ട്രീയ വിമർശനങ്ങൾ സ്ത്രീകൾക്കെതിരെയാവുമ്പോൾ കൂടുതൽ വ്യക്തികേന്ദ്രീകൃതമാകുന്നതും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതും ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ശൈലജ ടീച്ചർ പറഞ്ഞു.
യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കുന്നതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്രചാരണത്തില്‍ ചിന്താ ജെറോമിനെ പിന്തുണച്ച് കെ കെ ശൈലജ ഫേസ്ബുക്കിൽ പ്രതികരിച്ചു. ഇന്ന് രാജ്യത്ത് വിവിധ സ്റ്റാറ്റ്യൂട്ടറി കമ്മീഷനുകൾ ഉണ്ട്. ഉത്തരവാദിത്തമുള്ള ഒരു പദവി എന്ന നിലയിൽ, കമ്മീഷൻ ചെയർമാൻമാർക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നത്. അതിന്റെ പേരിൽ ഒരാളെ മാത്രം ആക്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു.
രാഷ്ട്രീയ വിമർശനങ്ങൾ സ്ത്രീകൾക്കെതിരെയാവുമ്പോൾ കൂടുതൽ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതുമാകുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. സഖാവ് ചിന്ത ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹമാണെന്നും കുറിപ്പിൽ പറയുന്നു. യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമായി ഉയർത്തിയെന്നും കുടിശ്ശിക നല്കാന് ധനവകുപ്പ് അംഗീകാരം നല്കിയെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ചിന്ത ജെറോമിനും ഇടത് സർക്കാരിനും എതിരെ കടുത്ത വിമർശനമുയർന്നിരുന്നു.