മുംബൈ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ സഞ്ജു സാംസണ് കളിച്ചേക്കില്ല. ചൊവ്വാഴ്ച മുംബൈയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റിരുന്നു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മത്സരത്തിന് ശേഷം സ്കാനിംഗിന് വിധേയനായ സഞ്ജു ഫലം ലഭിക്കുന്നതിനായി മുംബൈയിൽ തന്നെ തങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. സഞ്ജു കളിച്ചില്ലെങ്കിൽ രാഹുൽ ത്രിപാഠിക്ക് അവസരം ലഭിച്ചേക്കും. പരമ്പരയിലെ രണ്ടാം മത്സരം പൂനെയിലാണ് നടക്കുക.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറ് പന്തിൽ അഞ്ച് റൺസ് മാത്രം നേടി പുറത്തായ സഞ്ജു സാംസണെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ വിമർശിച്ചിരുന്നു. സഞ്ജു മികച്ച കളിക്കാരനാണെന്നും മികച്ച പ്രതിഭയുണ്ടെന്നും പറഞ്ഞ ഗവാസ്കർ, ചിലപ്പോഴൊക്കെ ഷോട്ട് തിരഞ്ഞെടുപ്പ് പാളുന്നത് താരത്തിന്റെ വിലയിടിക്കുന്നുണ്ടെന്നും സഞ്ജു നിരാശപ്പെടുത്തിയ മറ്റൊരു സന്ദര്‍ഭം കൂടി കഴിഞ്ഞുപോയെന്നും കൂട്ടിച്ചേർത്തു. ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് ഗവാസ്കറുടെ കുറ്റപ്പെടുത്തല്‍.