കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സമ്മാനിക്കുന്ന സ്വർണ്ണ കപ്പ് ഇന്ന് കോഴിക്കോട്ടെത്തും. ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ ഉച്ചകഴിഞ്ഞ് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. കലോൽസവത്തിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളിൽ ആദ്യത്തേത് ഉച്ചയോടെ കോഴിക്കോട്ടെത്തും. രാവിലെ 10 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. റോഡ് ഷോയും ഘോഷയാത്രയും ഇന്ന് നടക്കും.
അതേസമയം സ്കൂൾ കലോൽസവത്തിന് എത്തുന്ന കുട്ടികളെ ലക്ഷ്യമിട്ടുള്ള ലഹരി മാഫിയകളുടെ പ്രവർത്തനങ്ങൾ തടയാനാണ് കോഴിക്കോട് സിറ്റി പോലീസിന്റെ തീരുമാനം. മുഴുവൻ സമയ നിരീക്ഷണം ഉൾപ്പെടെ നഗരത്തെ സുരക്ഷിത സ്ഥലമാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2,000 പോലീസുകാരെ പ്രത്യേകം വിന്യസിക്കും.
15 ഡിവൈ.എസ്.പിമാരും 30 സി.ഐമാരും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും കൂടാതെ മയക്കുമരുന്ന് വേട്ടയിൽ പരിശീലനം നേടിയ ഡാൻസാഫ് സംഘവും സജ്ജമായിട്ടുണ്ട്. കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്ന സ്ഥലങ്ങൾ പൂർണ്ണമായും സി.സി.ടി.വി നിരീക്ഷണ വലയത്തിൽ കൊണ്ടുവരാനാണ് പൊലീസിന്റെ തീരുമാനം.