തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് 10% സംവരണം ഏർപ്പെടുത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തു.
സ്ഥിരം, കരാർ, ദിവസവേതന നിയമനങ്ങളിൽ ആണ് ഇത് നടപ്പാക്കുക. പെൻഷൻ ആനുകൂല്യങ്ങൾക്കായി സർവകലാശാലാ ജീവനക്കാരുടെ താൽക്കാലിക സർവീസ് കാലയളവ് പരിഗണിക്കാനും തീരുമാനമായി. സർവകലാശാലയിൽ ജോലി ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ താൽക്കാലികമായി ജോലി ചെയ്ത കാലയളവാണ് ഇതിനായി പരിഗണിക്കുക. വിരമിച്ചവരും വിരമിക്കുന്നവരുമായ നിരവധി ജീവനക്കാർക്കും അധ്യാപകർക്കും വൻ പെൻഷൻ വർദ്ധനവിന് ഈ തീരുമാനം കാരണമാകും. ആദ്യപടിയായി സ്റ്റുഡന്റ് ഡീനായി വിരമിച്ച ഡോ.വത്സരാജ് പുത്തൻ വീട്ടിലിന്റെ മാഹി ഗവ. കോളേജിലെ അഡ്ഹോക്ക് സർവീസ് പെൻഷൻ പരിഗണിക്കാൻ തീരുമാനിച്ചു.
ഇതോടെ വിരമിച്ച പലർക്കും താൽക്കാലിക സർവീസ് കൂടി കണക്കിലെടുത്ത് പെൻഷൻ ആനുകൂല്യങ്ങൾ പുനഃക്രമീകരിക്കാൻ അവസരമുണ്ടാകും. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു സർവകലാശാല വിരമിച്ചവർക്ക് ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്.