ദുബായ്: സ്കൂളുകളിലെ ശൈത്യകാല അവധിക്കും ക്രിസ്മസിനും മുന്നോടിയായി നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ മടക്കയാത്രയ്ക്ക് ആശ്വാസമായി വിമാനനിരക്ക് കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമാനനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങൾക്കായി നാട്ടിലേക്ക് പോയവരുടെ മടങ്ങിവരവ് പ്രതീക്ഷിച്ച് ഡിസംബർ 26 മുതൽ വിമാനക്കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കിയിരുന്നു.
എല്ലാ വിമാനക്കമ്പനികളും ഒരു ടിക്കറ്റിന് 1,000 ദിർഹത്തിൽ കൂടുതൽ ഈടാക്കിയിരുന്നു. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ വരും ദിവസങ്ങളിൽ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ഷാർജയിലേക്കും ദുബായിലേക്കും 570 ദിർഹം മുതൽ ടിക്കറ്റ് നൽകും. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇതേ വിമാനങ്ങളിൽ യാത്ര ചെയ്യാൻ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പലരും ഉയർന്ന നിരക്കിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
ഡിസംബർ 29, 30, 31 തീയതികളിൽ കോഴിക്കോട് നിന്ന് ദുബായിലേക്കും ഷാർജയിലേക്കും 575 ദിർഹം മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകൾ ലഭ്യമാണ്. ഡിസംബർ 29ന് കണ്ണൂരിൽ നിന്ന് ഷാർജയിലേക്കുള്ള ടിക്കറ്റുകൾ 500 ദിർഹത്തിൽ താഴെ നിരക്കിൽ ലഭ്യമാണ്.കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും 800 ദിർഹം മുതലാണ് ടിക്കറ്റ് ലഭിക്കും. എന്നാൽ ജനുവരി 1 മുതൽ ടിക്കറ്റ് നിരക്ക് വീണ്ടും 1000 ദിർഹം കടന്നേക്കും.