തിരുവനന്തപുരം: പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ജയരാജ വിവാദത്തിൽ സിപിഎമ്മിന്റെ തീരുമാനം ഇന്ന് വ്യക്തമായേക്കും. ഇ പി ജയരാജനും പങ്കെടുക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ പങ്കെടുക്കാൻ ഇന്ന് രാവിലെയാണ് ജയരാജൻ എകെജി സെന്ററിലെത്തിയത്.
ഒക്ടോബർ ആറ് മുതൽ ചികിത്സയ്ക്കായി അവധിയിൽ കഴിയുന്ന ജയരാജൻ ഒരിടവേളയ്ക്ക് ശേഷമാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ കണ്ണൂരിൽ നിന്നുള്ള പി ജയരാജൻ ഉന്നയിച്ച ആരോപണത്തിന് ഇപിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് പാർട്ടി.
കണ്ണൂരിലെ ‘വൈദേകം’ ആയുർവേദ റിസോർട്ടിൽ ഇ.പി ജയരാജന്റെ കുടുംബത്തിന് സാമ്പത്തിക പങ്കാളിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പി.ജയരാജൻ ആരോപണം ഉന്നയിച്ചത്. ആരോപണം രേഖാമൂലം നൽകാമെന്ന് പി ജയരാജൻ പറഞ്ഞെങ്കിലും അത് ലഭിച്ചുവെന്ന് നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.