നിരവധി തലമുറകൾക്ക് പ്രചോദനമായ പെലെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംഗീതജ്ഞൻ എ.ആർ റഹ്മാൻ. ഇതിഹാസ ഫുട്ബോൾ താരത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘പെലെ: ബർത്ത് ഓഫ് എ ലെജൻഡ്’. 2016-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആയിരുന്നു.
പെലെയുടെ ബയോപിക്കിന് വേണ്ടി എ.ആർ റഹ്മാൻ പാടിയിട്ടുമുണ്ട്. ആ ഗാനം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പെലെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. ‘സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ’ എന്നാണ് എ.ആർ റഹ്മാൻ കുറിച്ചത്. എ.ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ ജിംഗ ഏറ്റവും ജനപ്രിയ മ്യൂസിക് വീഡിയോകളിൽ ഒന്നായിരുന്നു.
ബ്രസീലിന്റെ പെലെയാണ് മൂന്ന് ലോകകപ്പുകൾ നേടിയ ഏക താരം. പെലെ 1958, 1962, 1970 ലോകകപ്പുകളാണ് നേടിയത്. ലോകകപ്പിൽ 14 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 10 അസിസ്റ്റുകളും പെലെ നേടിയിട്ടുണ്ട്. ഫിഫയുടെ പ്ലെയർ ഓഫ് ദി സെഞ്ച്വറി, ഐഒസി അത്ലറ്റ് ഓഫ് ദി ഇയർ, ഫിഫ ലോകകപ്പ് ബെസ്റ്റ് പ്ലെയർ എന്നീ ബഹുമതികൾ പെലെയ്ക്ക് ലഭിച്ചിട്ടുണ്ട്.