വാഷിങ്ടണ്‍: കോവിഡ് 19 മഹാമാരിക്കാലത്ത് കുട്ടികളിലെ അമിതവണ്ണം വർദ്ധിച്ചെന്ന് പഠനം. മൂന്നിനും നാലിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് അമിത വണ്ണം കൂടിയതായി കണ്ടെത്തിയത്. യൂറോപ്യൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി ഈ പ്രായത്തിലുള്ള 25,049 കുട്ടികളിൽ നടത്തിയ പരിശോധനാ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. ഡലാന, ജോങ്കോപിംഗ്, സോംലാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന് ഗവേഷകനായ ആന്റൺ ഹോംഗ്രെൻ ആണ് നേതൃത്വം നൽകിയത്. ആന്റൺ ഹോംഗ്രെൻ ഉപ്സലാ യൂണിവേഴ്സിറ്റിയില്‍ ചൈല്‍ഡ് ഹെല്‍ത്ത് ആന്‍ഡ് പേരന്റ്ഹുഡ് എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണ്.
കോവിഡ് കാലത്ത് ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) കുട്ടികളിൽ വ്യത്യാസപ്പെട്ടെന്ന് പഠനം സൂചിപ്പിക്കുന്നു. മൂന്ന് വയസ്സുള്ള കുട്ടികളിൽ നടത്തിയ പഠനമനുസരിച്ച്, പെൺകുട്ടികളിൽ അമിതവണ്ണത്തിന്റെ നിരക്ക് കൂടുതലാണെന്ന് കണ്ടെത്തി. കൊവിഡിന് മുമ്പ് പെണ്‍കുട്ടികളിൽ ഇത് 2.8 ശതമാനമായിരുന്നുവെങ്കിൽ കോവിഡിന് ശേഷം ഇത് 3.9 ശതമാനമായി ഉയർന്നു. അതേസമയം, ആൺകുട്ടികളുടെ ശതമാനം 2.4 ശതമാനത്തിൽ നിന്ന് 2.6 ശതമാനമായി ഉയർന്നു. നാല് വയസ്സുള്ള ആൺകുട്ടികളിലും പെൺകുട്ടികളിലും അമിത വണ്ണത്തിൻ്റെ തോത് ഒരേ പോലെ തന്നെയായിരുന്നു. അഞ്ച് വയസ്സുകാരിൽ ബോഡി മാസ് ഇൻഡക്സിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല.