തൊടുപുഴ: ഡി.വൈ.എസ്.പിയുടെ ഓഫീസിൽ വച്ച് മധ്യവയസ്കനെ മർദ്ദിച്ചെന്ന ആരോപണത്തിന്റെ തെളിവായി ശബ്ദരേഖ. കേസിലെ പരാതിക്കാരനായ മലങ്കര സ്വദേശി മുരളീധരനെ ഡി.വൈ.എസ്.പി എം.ആർ മധുബാബു അസഭ്യം പറയുന്നതും മര്‍ദനമേറ്റ് മുരളീധരൻ നിലവിളിക്കുന്നതും ഓഡിയോ ക്ലിപ്പിൽ ഉണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ആരോപണങ്ങൾ ഡിവൈഎസ്പി നിഷേധിച്ചിരുന്നു.
തൊടുപുഴ എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ വനിതാ നേതാവിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ രീതിയിൽ പ്രചാരണം നടത്തിയതിന് മുരളീധരനെതിരെ നേതാക്കൾ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. മൈക്ക് സെറ്റ് വാടകയ്ക്ക് എടുത്തതിൻ്റെ പണം തരാനുണ്ടെന്നും പോസ്റ്റ് ഇടുന്നത് തുടരുമെന്നും മുരളീധരൻ ആവർത്തിച്ചു.
ഡി.വൈ.എസ്.പി വയർലെസ് സെറ്റ് വലിച്ചെറിയുകയും മുഖത്ത് അടിക്കുകയും ബൂട്ട് കൊണ്ട് നെഞ്ചിൽ ചവിട്ടുകയും ചെയ്തുവെന്നാണ് മുരളീധരൻ പറയുന്നത്. സ്റ്റേഷനിലെത്തിയ മുരളീധരൻ പ്രകോപനപരമായി പെരുമാറുകയും ഓഫീസിലെ കസേരകൾ മറിച്ചിടുകയും ചെയ്തുവെന്നും ഇയാളെ പുറത്തിറക്കി വിടാൻ മറ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുക മാത്രമാണു ചെയ്തതെന്നുമാണ് ഡിവൈഎസ്പി പറയുന്നത്.