കോഴിക്കോട്: പി. ജയരാജൻ ഉന്നയിച്ച ആരോപണങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ നിലപാട് ആരാഞ്ഞ് ഷാഫി പറമ്പിൽ എംഎൽഎ. പി ജയരാജന്റെ ആരോപണത്തിൽ കേരള മുഖ്യമന്ത്രിയുടെ നിലപാട് പ്രഖ്യാപിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വായ തുറക്കണമെന്നും ഷാഫി പറഞ്ഞു.
ആന്തൂർ സ്വദേശിയും പ്രവാസിയുമായ സാജൻ പാറയിലിന്റെ ആത്മഹത്യയെയും ഷാഫി പോസ്റ്റിൽ പാരാമർശിച്ചു. “തൊടുന്യായങ്ങള്‍ പറഞ്ഞ് ആന്തൂര്‍ നഗരസഭ അനുമതി നിഷേധിച്ച ആന്തൂര്‍ നഗരസഭയിലെ നാഷണല്‍ ഹൈവേയുടെ ഓരത്ത് പണി കഴിപ്പിച്ച കണ്വെന്ഷന് സെന്ററിന്റെ ഉടമ. അനേക വര്‍ഷം പ്രവാസ ലോകത്ത് ജീവിച്ച് അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് സ്വന്തം നാട്ടില്‍ ഒരു സംരംഭം തുടങ്ങുവാനുള്ള ആഗ്രഹത്താല്‍ പണികഴിപ്പിച്ച തന്റെ സ്വപ്നത്തില്‍ തച്ചുടച്ച നഗരസഭ ചെയര്‍പേഴ്സന്റെയും അധികാരികളോടുടെയും ക്രൂരതയുടെ ഫലമായി ജീവനൊടുക്കിയ പ്രവാസി വ്യവസായി, അവിടെയാണ് അതേ നഗരസഭയാണ് കുന്നിടിച്ചും പ്രകൃതിയെ നശിപ്പിച്ചും നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ ആയുര്‍വേദ റിസോര്‍ട്ടിന് എല്ലാ ഒത്താശയും ചെയ്തു നല്‍കിയത്.” -ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാ സംരംഭങ്ങളോടും യോജിച്ച ചരിത്രമാണ് ഇ.പി.ജയരാജന്റേതെന്നും ഷാഫി കുറിപ്പിൽ ആരോപിച്ചു. ദേശാഭിമാനിയിൽ ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്ട്ടിന് ബോണ്ട് നൽകിയതടക്കം സിപിഎം പാർട്ടിയുടെ എല്ലാ മാഫിയ ബന്ധങ്ങളിലും ഇടനിലക്കാരനായിരുന്നു ഇ.പി. ജയരാജൻ. അങ്ങനെയുള്ള ജയരാജനോടുള്ള പിണറായി വിജയന്റെ മനോഭാവം എന്താണെന്ന് പൊതുജനങ്ങൾക്ക് അറിയണമെന്നാണ് ആഗ്രഹമെന്നും ഷാഫി കൂട്ടിച്ചേർത്തു.