പാരീസ്: സെൻട്രൽ പാരീസിൽ നടന്ന വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പാരീസിലെ കുർദിഷ് സാംസ്കാരിക കേന്ദ്രം ലക്ഷ്യമിട്ട് നടന്ന വെടിവയ്പിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വംശീയ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. വെടിയുതിർത്ത 69 കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പിന് ശേഷം ഫ്രാൻസിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. വെടിവയ്പിൽ പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. 69 കാരനായ അക്രമി അടുത്തിടെയാണ് ജയിൽ മോചിതനായതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തെ തുടർന്ന് പൊലീസും സാംസ്കാരിക കേന്ദ്രത്തിന് സമീപം തടിച്ചുകൂടിയവരും തമ്മിൽ സംഘർഷമുണ്ടായി. ആളുകൾ കാറുകളുടെ ചില്ലുകൾ തകർക്കുന്നതിന്റെയും പൊലീസ് ഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. വെടിവയ്പിൽ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. വെളുത്ത് പൊക്കമുള്ള ഒരാളാണ് വെടിയുതിർത്തതെന്ന് സംഭവങ്ങൾക്ക് ദൃക്സാക്ഷികളായ ആളുകൾ പറഞ്ഞു. വെടിവയ്പ്പിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ, വംശീയ ആക്രമണത്തിനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
ഇയാൾക്കെതിരെ വംശീയ ആക്രമണത്തിന് മുമ്പ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. 2021 ഡിസംബർ 8ന് പാരീസിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ മൂന്ന് ടെന്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലെ പ്രതിയാണ് പാരീസ് സെൻട്രലിൽ നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. എന്നാൽ ഏത് സാഹചര്യത്തിലാണ് ഇയാൾ ജയിൽ മോചിതനായതെന്ന് വ്യക്തമല്ല. കുർദിഷ് കേന്ദ്രങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വംശീയ അക്രമം ആവർത്തിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു.