ഈ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച സിനിമയായിരുന്നു ഗോൾഡ്. പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രം പുറത്തിറങ്ങി ഏഴ് വർഷത്തിന് ശേഷം സംവിധായകൻ അൽഫോൺസ് പുത്രൻ ചിത്രം സംവിധാനം ചെയ്യുന്നു എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം.
പൃഥ്വിരാജും നയന്‍താരയും ഈ ചിത്രത്തിലാണ് ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. എന്നാൽ റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിന് നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചു. അതേസമയം, സിനിമ ഇഷ്ടപ്പെട്ട ഒരു വിഭാഗം സിനിമാപ്രേമികളുമുണ്ടായിരുന്നു. ഇപ്പോൾ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.
പ്രമുഖ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ വഴിയാണ് ഗോൾഡ് ഒടിടിയിലെത്തുക. പുതുവത്സരത്തിന് മുന്നോടിയായാണ് റിലീസ്. ഡിസംബർ 29ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഓണം റിലീസാകേണ്ടിയിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാകാത്തതിനാൽ ഡിസംബർ ഒന്നിനാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം തീയേറ്ററുകളിൽ വർക്ക് ആയില്ലെങ്കിലും ‘ഗോള്‍ഡ്’ തങ്ങൾക്ക് ലാഭമുണ്ടാക്കിയെന്ന് പൃഥ്വിരാജ് അടുത്തിടെ പറഞ്ഞിരുന്നു. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.