കൊച്ചി: തൃശൂരിൽ സ്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ പാതയോരത്തെ പ്ലാസ്റ്റിക് ചരട് കുരുങ്ങി പരിക്കേറ്റ സംഭവത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംഭവം ഭയാനകമാണെന്ന് പറഞ്ഞ കോടതി നാളെ തൃശൂർ കോർപ്പറേഷൻ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചു. ദുരന്തമുണ്ടായതിന് അധികൃതരെയും കോടതി വിമർശിച്ചു.
അനധികൃത കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നവർ കാറുകളിൽ യാത്ര ചെയ്യുന്നവരാണ്. ഇത്തരക്കാർക്ക് ഒരു പ്രശ്നവുമില്ല. ഇതിന്റെയെല്ലാം ബുദ്ധിമുട്ട് അനുഭവിക്കുന്നത് സാധാരണക്കാരാണെന്നും കോടതി വിമർശിച്ചു. കൊച്ചി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. റോഡരികിലെ ഇത്തരം വസ്തുക്കൾ നീക്കം ചെയ്യാനുള്ള ഉത്തരവുകൾ അധികൃതർ പാലിക്കാത്തതിനെയും കോടതി വിമർശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. ഹർജി നാളെ ഉച്ചയ്ക്ക് 1.45ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസം സ്കൂട്ടറിൽ പോവുകയായിരുന്ന അഡ്വ. കുക്കു ദേവകിയുടെ കഴുത്തിൽ തോരണം പൊട്ടിവീഴുകയും പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുകുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. നിയന്ത്രിത വേഗതയിലായതിനാൽ വൻ അപകടം ഒഴിവാക്കാനായി. തോരണം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുക്കു കളക്ടർക്കും പൊലീസിനും പരാതി നൽകിയിരുന്നു. വാർത്ത പുറത്തുവന്നയുടൻ തോരണം നീക്കം ചെയ്യാൻ പൊലീസ് ഉത്തരവിട്ടു. ഉച്ചയോടെ തോരണങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.