തിരുവനന്തപുരം: മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധികാരപരിധിയിൽ വരുന്ന താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ നന്നമ്പ്ര എസ്.എൻ.യു.പി സ്കൂളിലെ വിദ്യാർത്ഥിനി ഷിഫാന ഷെറിന്റെ അപകടമരണം അങ്ങേയറ്റം ദു:ഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അപകടമരണത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരീക്ഷ കഴിഞ്ഞ് സ്കൂൾ ബസിൽ നിന്നിറങ്ങിയ കുട്ടി റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിർദിശയിൽ നിന്ന് വരികയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഒഴികെ സ്കൂൾ ബസിൽ സഹായികളാരും ഉണ്ടായിരുന്നില്ല.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർത്ഥിയുടെ സഹോദരന്റെ കണ്മുന്നിൽ വച്ചായിരുന്നു അപകടം. കുട്ടികളെ ഇറക്കി കയറ്റാൻ സ്കൂൾ ബസിൽ സഹായി ആരുമുണ്ടായിരുന്നില്ല. സ്കൂൾ ബസുകളിൽ കുട്ടികളെ പരിപാലിക്കാൻ ഡ്രൈവർ അല്ലാതെ മറ്റാരെങ്കിലും ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാണ്ടിമുറ്റം വെള്ളിയത്ത് ഷാഫിയുടെ മകളാണ് ഷെഫ്ന.