അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാതിരുന്ന ആം ആദ്മി പാർട്ടി 12.92 ശതമാനം വോട്ടുകൾ നേടുകയും അഞ്ച് സീറ്റുകൾ നേടി തങ്ങളുടെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. പാർട്ടി ടിക്കറ്റിൽ വിജയിച്ച അഞ്ച് എംഎൽഎമാരും ബിജെപിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്നും സൂചന.
ജുനഗഢ് ജില്ലയിലെ വിശ്വദർ മണ്ഡലത്തിൽ നിന്ന് വിജയിച്ച എഎപി എംഎൽഎ ഭൂപത് ഭയാനി പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ബിജെപിയിൽ ചേർന്നേക്കും. ആം ആദ്മി പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഭൂപത് ഭയാനി പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഭൂപത് ഭയാനി പറഞ്ഞു.
അതേസമയം എംഎൽഎമാരുമായി ബിജെപി സംസ്ഥാന നേതൃത്വം ചർച്ച നടത്തുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ബി.ജെ.പിയിലേക്കുള്ള തന്റെ പ്രവേശനം പ്രഖ്യാപിക്കാൻ ഭൂപത് ഭയാനി ഇന്ന് തന്നെ പത്രസമ്മേളനം വിളിക്കുമെന്ന് സംസ്ഥാന ബി.ജെ.പി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.