മനാമ: ഭരണഘടന ഭേദഗതിയിലൂടെ ഏർപ്പെടുത്തിയ സാമ്പത്തിക സംവരണം സുപ്രീംകോടതി ഭൂരിപക്ഷ വിധിയിലൂടെ ശരിവെച്ചത് സാമൂഹ്യ നീതിയുടെ അട്ടിമറിയും ഭരണഘടനാ തത്വങ്ങളുടെ ലംഘനവും ആണെന്ന് പ്രവാസി വെൽഫെയർ പ്രസ്താവിച്ചു.
വിദ്യാഭ്യാസവും തൊഴിലും അധികാര പങ്കാളിത്തവും നിഷേധിച്ച് ജാതീയമായും ഗോത്രപരമായും അടിച്ചമർത്തപ്പെട്ടും അപമാനവീകരിക്കപ്പെട്ടും സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് തൂത്തെറിയപ്പെട്ട ജനതയുടെ സാമൂഹിക പരിവർത്തനത്തിന് ഭർണഘടനാ ശില്പികൾ വിഭാവന ചെയ്ത സംവരണം അതിൻറെ ലക്ഷ്യത്തിൽ നിന്നും ബഹുദൂരം അകലെ നിൽക്കുമ്പോഴും ഉച്ചനീചത്വം അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത, വിദ്യാഭ്യാസ – അധികാര പങ്കാളിത്തം നിഷേധിക്കപ്പെട്ടിട്ടില്ലാത്ത സമൂഹത്തിന് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിലൂടെ ഭരണകൂടങ്ങൾ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക -ദളിത്- ന്യൂനപക്ഷങ്ങളെ ബോധപൂർവ്വം വഞ്ചിക്കുകയാണ് ചെയ്തത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി നടപ്പിലാക്കുന്നു എന്ന് പറയപ്പെടുന്ന സാമ്പത്തിക സംവരണത്തിൽ നിന്നും എന്തുകൊണ്ട് പരമ ദരിദ്രരായ പിന്നോക്ക വിഭാഗങ്ങളെ മാറ്റി നിർത്തി എന്നത് ദുരൂഹമാണ്.രാഷ്ട്രീയ-ഭരണ നിർവഹണ രംഗങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന സവർണ മേധാവിത്വമാണ് ഇത്തരം ഒരു നിയമ നിർമാണത്തിലേക്ക് നയിച്ചിട്ടുള്ളത്.
രാജ്യത്തിൻറെ എല്ലാ മേഖലയിലും സവർണ്ണ ആധിപത്യം നിലനിർത്തുവാനുള്ള അജണ്ടയുടെ ഭാഗമാണ് സാമ്പത്തിക സംവരണം. ഈ അജണ്ടയ്ക്ക് ചൂട്ടു പിടിക്കുകയാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികളെല്ലാം ചെയ്യുന്നത്.
രാജ്യത്തെ പിന്നോക്ക സമുദായങ്ങളും പട്ടികജാതി ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ഈ ചതി തിരിച്ചറിഞ്ഞ് ഐക്യപ്പെടുകയും സാമൂഹ്യ നീതി നടപ്പിലാക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികളും കൂട്ടായ്മകളും സാമ്പത്തിക സംവരണത്തിനെതിരായ യോജിച്ച സമരപരിപാടികൾക്ക് രൂപം നൽകണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെടുന്നു.