മനാമ: സീറോ മലബാർ സോസൈറ്റി ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. സത്യവും ധർമ്മവും നീതിയും ഐ സി യുവിൽ നിന്നും വെൻറിലേറ്ററിലേക്ക് മാറിയതിന്റെ ഏറ്റവും വലിയ തെളിവാണ് ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം എന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി ജോബ്, ബഹ്റൈൻ കേരള സമാജം സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കൽ, കേരള കാത്തലിക് അസോസിയേഷൻ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ബി. കെ. എസ്. എഫ്. പ്രസിഡണ്ട് ബഷീർ അമ്പലായി, പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ശ്രീമതി. ഷെമിലി. പി. ജോൺ,ബഹറിൻ പ്രതിഭ ജനറൽസെക്രട്ടറി ലിവിൻ, ഒ. ഐ. സി. സി. പ്രസിഡണ്ട് ബിനു കുന്നന്താനം, ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്,സീറോ മലബാർ സൊസൈറ്റി വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ, സേവി മാത്തുണ്ണി, ബെന്നി വർഗീസ്, എന്നിവർ സംസാരിച്ചു.
ഇന്ത്യയെ മഹത്തായ ഇന്ത്യ ആക്കുന്നതിൽ ക്രിസ്ത്യൻ മിഷണറിമാർ വഹിച്ച സേവനങ്ങളെ മനസ്സിലാക്കാത്തവരാണ് ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൻറെ പുറകിലെന്ന് ബഹറിൻ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു.
മനുഷ്യത്വവും കാരുണ്യവും വറ്റിപ്പോയ ഭരണകൂടം നടത്തിയ അതിക്രൂരമായ കൊലപാതകമാണ് ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം എന്ന് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു.
സ്വന്തമായി ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ കഴിയാത്ത സാധു വൃദ്ധ പുരോഹിതനോട് കാണിച്ച മനുഷ്യത്വരഹിതമായ നടപടികളെ ചോദ്യം ചെയ്യാൻ പോലും ആരും ഉണ്ടായില്ല എന്നത് നമ്മുടെ നാട് എങ്ങോട്ട് പോകുന്നു എന്നതിൻറെ സൂചനയാണെന്ന് ഒ. ഐ. സി. സി. പ്രസിഡണ്ട് ബിനു കുന്നന്താനവും അഭിപ്രായപ്പെട്ടു. രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് അതിവേഗം നീങ്ങുകയാണെന്ന ശക്തമായ മുന്നറിയിപ്പാണ് ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡിമരണം എന്ന് ബഹറിൻ പ്രതിഭ ജനറൽസെക്രട്ടറി ലിവിൻ പറഞ്ഞു .
ചർച്ചകളെ ജോജി വർക്കി നിയന്ത്രിച്ചു ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ സ്വാഗതവും, ട്രഷറർ മോൻസി മാത്യു നന്ദിയും പറഞ്ഞു.