അഡ്ലെയ്ഡ്: ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതിനു പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക്കിന് ബംഗ്ലാദേശിനെതിരായ മത്സരം നഷ്ടമായേക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കളിക്കിടെ കാര്‍ത്തിക്കിന് പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് അവസാന അഞ്ച് ഓവറില്‍ ഇന്ത്യക്ക് വേണ്ടി കീപ്പ് ചെയ്തത് റിഷഭ് പന്ത് ആണ്. കാര്‍ത്തിക്ക് പരുക്കില്‍ നിന്ന് മുക്തനാകാന്‍ ഏതാനും ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ കാര്‍ത്തിക്കിന് പകരം പന്ത് അടുത്ത മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറാകും.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെയാണു ദിനേഷ് കാർത്തിക്കിനു പരുക്കേറ്റത്. വേദനയെ തുടർന്നു താരം ഗ്രൗണ്ട് വിട്ടിരുന്നു. 16–ാം ഓവർ മുതൽ പകരക്കാരനായെത്തിയ ഋഷഭ് പന്താണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിക്കറ്റ് കീപ്പറായത്. ഓസ്ട്രേലിയയിലെ കാലാവസ്ഥയാണ് ദിനേഷ് കാർത്തിക്കിന്റെ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമെന്നാണു ലഭിക്കുന്ന വിവരം.
ബാറ്ററെന്ന നിലയിൽ മികച്ച പ്രകടനം നടത്താൻ ട്വന്റി20 ലോകകപ്പിൽ ദിനേഷ് കാർത്തിക്കിന് ഇതുവരെ സാധിച്ചിട്ടില്ല. പാക്കിസ്ഥാനെതിരായ ആദ്യ പോരാട്ടത്തിൽ കാർത്തിക്ക് ആകെ ഒരു റൺസ് മാത്രമാണു നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 15 പന്തുകൾ നേരിട്ട താരം ആറു റൺസെടുത്തു.