പാറ്റ്ന: ആർഎസ്എസ് ആണ് യഥാർത്ഥ കാപ്പിയെന്നും ബിജെപി അതിന് മുകളിലുള്ള പത മാത്രമാണെന്നും രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ഒരേയൊരു മാർഗം കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്നതാണെന്ന് മനസ്സിലാക്കാൻ വൈകിയെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലൂടെയുള്ള പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കപ്പിലെ കാപ്പി കണ്ടിട്ടില്ലേ? മുകളിൽ പത ഉണ്ടാകും. ബി.ജെ.പിയും അത് പോലെയാണ്. അതിനു താഴെ ആഴത്തിലാണ്
ആർ.എസ്.എസ്. ആർഎസ്എസ് സാമൂഹിക ഘടനയുടെ ആഴങ്ങളിൽ എത്തിയിരിക്കുന്നു. കുറുക്കുവഴികളിലൂടെ അതിനെ പരാജയപ്പെടുത്താൻ കഴിയില്ല,” പ്രശാന്ത് കിഷോർ പറഞ്ഞു. ബി.ജെ.പി എന്താണെന്ന് മനസ്സിലാക്കാതെ നിങ്ങൾക്ക് നരേന്ദ്ര മോദിയെ തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധിയുടെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ചാൽ മാത്രമേ നാഥുറാം ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ കഴിയൂ എന്ന് മനസ്സിലാക്കാൻ ഏറെ സമയമെടുത്തു. നിതീഷ് കുമാറിനെയും ജഗൻ മോഹൻ റെഡ്ഡിയെയും അവരുടെ രാഷ്ട്രീയ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിനുപകരം ആ വഴിക്ക് പ്രവർത്തിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.