അഹമ്മദാബാദ്: ഗുജറാത്തിൽ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം തകർന്ന സംഭവത്തിന്റെ ഉത്തരവാദിത്തം ഗുജറാത്ത് സർക്കാർ ഏറ്റെടുത്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള പാലം മാസങ്ങളായി നവീകരണത്തിനായി അടച്ചിട്ടിരിക്കുകയായിരുന്നു. നാല് ദിവസം മുമ്പാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഗാന്ധിനഗറിൽ നിന്ന് 240 കിലോമീറ്റർ പടിഞ്ഞാറുള്ള മോർബി പട്ടണത്തിലെ പാലത്തിൽ അപകടസമയത്ത് 500 ഓളം ആളുകൾ ഉണ്ടായിരുന്നു. ഇതിൽ 100 ഓളം പേർ മച്ചു നദിയിൽ വീണു.
“കഴിഞ്ഞയാഴ്ചയാണ് പാലം പുനർനിർമിച്ചത്. സംഭവത്തിൽ ഞങ്ങളും ഞെട്ടിയിരിക്കുകയാണ്, എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്തുണ്ട്,” സംസ്ഥാന തൊഴിൽ മന്ത്രി ബ്രിജേഷ് മെർജ പറഞ്ഞു. രക്ഷാപ്രവർത്തകരും നാട്ടുകാരും വെള്ളത്തിൽ വീണവരെ രക്ഷിക്കാൻ പാടുപെടുന്നതിനിടയിൽ തകർന്ന പാലത്തിന്റെ കൈവരികളിൽ പറ്റിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന നിരവധി പേരുടെ വീഡിയോകൾ പുറത്തുവന്നു. ഭാഗികമായി വെള്ളത്തിനടിയിലായ പാലത്തിൽ നിന്ന് രക്ഷപ്പെടാൻ പലരും നീന്തുന്നതും വീഡിയോയിൽ കാണാം. മുങ്ങൽ വിദഗ്ധരെയും രക്ഷാപ്രവർത്തനത്തിന് എത്തിച്ചിട്ടുണ്ട്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും മറ്റ് ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ചു. അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളും പ്രായമായവരുമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. രാഷ്ട്രപതിയടക്കം നിരവധി പേർ ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി.