ജയ്പുർ: രാജസ്ഥാനില്‍ പെണ്‍കുട്ടികളെ പഞ്ചായത്തു കൂടി ലേലം ചെയ്യുന്നതായി ആരോപണം. രാജസ്ഥാനിലെ ഭില്ഡവാരയില്‍ ഉള്‍പ്പെടെ ആറ് ജില്ലകളിലാണ് സാമ്പത്തിക ഇടപാടുകള്‍ തീര്‍പ്പാക്കാന്‍ എട്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ കരാര്‍ ഉണ്ടാക്കി ലേലം ചെയ്യുന്നത്. കരാര്‍ ലംഘിച്ചാല്‍ അമ്മമാരെ ബലാത്സംഗം ചെയ്യാന്‍ പഞ്ചായത്ത് കൂടി തീരുമാനിച്ചു എന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസ് എടുത്തു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുവാന്‍ രണ്ട് അംഗ സമിതിയെ രൂപികരിച്ചു. അതേസമയം വിഷയത്തില്‍ പ്രതികരിക്കുവാന്‍ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ട് തയ്യാറായിട്ടില്ല. വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളിൽ പ്രിയങ്കാ ഗാന്ധി മൗനം പാലിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.