തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയുടെ അധിക ചുമതല കേരള ഡിജിറ്റൽ സർവകലാശാല വിസി സജി ഗോപിനാഥിന് നൽകാനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സജി ഗോപിനാഥിന് അധികചുമതല നൽകണമെന്ന സർക്കാർ ആവശ്യം ഗവർണർ തള്ളി. സജി ഗോപിനാഥിന്റെ ഡിജിറ്റൽ സർവകലാശാലയിലെ നിയമനം നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഗവർണർ എഞ്ചിനീയറിംഗ് മേഖലയിലെ മുതിർന്ന അധ്യാപകരുടെ പട്ടിക ആവശ്യപ്പെട്ടു.
എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ (കെ.ടി.യു) വൈസ് ചാൻസലറായുള്ള എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി ഡോ.സജി ഗോപിനാഥിന് കെ.ടി.യുവിന്റെ അധിക ചുമതല നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധി വന്നയുടൻ ഡോ.രാജശ്രീ തന്റെ ഔദ്യോഗിക കാർ തിരികെ നൽകി ഓഫീസ് വിട്ടിരുന്നു.
സുപ്രീം കോടതി വിധിയെ തുടർന്ന് ഗവർണർ ഡോ. സജി ഗോപിനാഥിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷയ്ക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വി.സിമാർക്ക് ഗവർണർ നോട്ടീസ് നൽകിയിരുന്നു.