തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രതിഷേധം കനക്കുന്നു. വള്ളം കടലിൽ കത്തിച്ച് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികൾ പൊലീസ് ബാരിക്കേഡുകൾ കടലിലെറിഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമര പന്തലിന് സമീപം വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ സമരം ഇന്ന് നൂറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപത നൂറാം ദിവസം കരയിലും കടലിലും സമരം ശക്തമാക്കുകയാണ്. മുതലപ്പൊഴിയിൽ നിന്ന് കടൽ മാർഗം തുറമുഖത്തിന് അടുത്തെത്തി ശക്തമായ താക്കീത് നൽകാനാണ് സമരസമിതിയുടെ നീക്കം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന പ്രതിഷേധത്തിൽ നൂറിലധികം മത്സ്യബന്ധന വള്ളങ്ങൾ കടലിൽ പ്രതിഷേധിക്കുകയാണ്. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടൽ വഴിയുള്ള സമരം.
മുല്ലൂർ, വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലും ബഹുജന കൺവെൻഷൻ നടക്കും. മുതലപ്പൊഴി പാലവും പ്രതിഷേധക്കാർ ഉപരോധിക്കും. ഇതോടെ തീരദേശ പാതയിലെ ഗതാഗതവും താറുമാറായേക്കും. സമരം വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആർച്ച് ബിഷപ്പ് സർക്കുലറിലൂടെ ആവശ്യപ്പെട്ടിരുന്നു.