ജർമ്മനി: വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള പദ്ധതികളുമായി ജർമ്മനി. കഞ്ചാവ് നിയമവിധേയമാക്കുന്ന യൂറോപ്പിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ജർമ്മനിയെ മാറ്റാനുള്ള ചാൻസലർ ഒലാഫ് ഷോൾസ് സർക്കാറിന്റെ നീക്കങ്ങളുടെ ഭാഗമാണിത്. മുതിർന്നവർക്കിടയിൽ വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവിന്റെ നിയന്ത്രിത വിതരണവും ഉപഭോഗവും അനുവദിക്കുന്ന നിയമനിർമ്മാണത്തെക്കുറിച്ചുള്ള ഒരു പ്രബന്ധം ആരോഗ്യമന്ത്രി കാൾ ലോട്ടർബാക്ക് അവതരിപ്പിച്ചു.
വ്യക്തിഗത ഉപഭോഗത്തിനായി 20 മുതൽ 30 ഗ്രാം വരെ കഞ്ചാവ് വാങ്ങുന്നതും കൈവശം വയ്ക്കുന്നതും നിയമവിധേയമാക്കും. ലൈസൻസുള്ള കടകളിൽ കഞ്ചാവ് നിയന്ത്രിതമായി വിതരണം ചെയ്യാൻ അനുവദിക്കുന്നതിന് നാല് വർഷത്തെ കാലയളവിൽ നിയമനിർമ്മാണം നടത്താൻ സഖ്യസർക്കാർ കഴിഞ്ഞ വർഷം ധാരണയിലെത്തിയിരുന്നു.
ജർമ്മനി ഉൾപ്പെടെ ഈ മേഖലയിലെ പല രാജ്യങ്ങളും 2017 മുതൽ പരിമിതമായ ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ട്. മറ്റുള്ളവർ അതിന്റെ പൊതുവായ ഉപയോഗത്തെ കുറ്റവിമുക്തമാക്കിയെങ്കിലും നിയമവിധേയമാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ്.