തിരുവനന്തപുരം: തനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സംഭവത്തിൽ പ്രതികരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.
“ഞാൻ കത്ത് കണ്ടിട്ടില്ല. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള കത്തിടപാടുകൾ നേരിട്ടുള്ളതാണ്. ഇതിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ട്. അതിൽ ഭരണഘടനാപരമായ കാര്യങ്ങള്‍ ഉണ്ട്. ഇന്ത്യയിൽ തന്നെ ഇത്രയധികം സംഭവങ്ങൾ ഉണ്ടോ എന്നറിയില്ല. പറഞ്ഞതിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല. ഇതിനെക്കുറിച്ച് ഞാൻ അഭിപ്രായം പറയുന്നത് ഉചിതമല്ല,” ബാലഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ധനമന്ത്രി കെ.എൻ ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടതിനാൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വി.സിമാരുടെ രാജി ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ ബാലഗോപാലിന്റെ വിമർശനം ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്.