തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല ഡ്യൂട്ടിയിൽ എത്തുന്ന പൊലീസുകാർക്കുണ്ടായിരുന്ന സൗജന്യ മെസ് സൗകര്യം പിൻവലിച്ചു. പൊലീസിൽ നിന്ന് ദിവസേന 100 രൂപ ഈടാക്കാനാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. ഇതിനെതിരെ പ്രതിഷേധവുമായി എത്തിയ പൊലീസ് സംഘടനകൾ, മെസിനുള്ള പണം സർക്കാർ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
ശബരിമല, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് സൗജന്യ മെസ് സൗകര്യം നൽകിയിരുന്നു. 2011 മുതൽ പൊലീസുകാരുടെ മെസിൻെറ പൂർണ ചെലവും സർക്കാരാണ് ഏറ്റെടുത്തത്. അതിന് മുമ്പ് ദേവസ്വം ബോർഡും പൊലീസിന് സബ്സിഡി നൽകിയിരുന്നു. ദേവസ്വം ബോർഡ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാട്ടിയപ്പോഴാണ് സർക്കാർ മെസ് നടത്തിപ്പിനുള്ള പണം പൂർണമായും നൽകിയത്.