ചെന്നൈ: കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിലെ ഗ്രാമത്തിൽ തള്ളാൻ ശ്രമിച്ച ലോറി ഡ്രൈവർ പോലീസ് പിടിയിൽ. മാലിന്യം കത്തിക്കാൻ സൗകര്യമൊരുക്കിയ സ്ഥലമുടമയ്ക്കെതിരെ കേസെടുത്തു. തെങ്കാശി ജില്ലയിലെ ആലങ്കുളത്താണ് സംഭവം നടന്നത്.
തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്നുള്ള മാലിന്യം ലോറിയിൽ കയറ്റി പുളിയറ ചെക്ക് പോസ്റ്റ് വഴിയാണ് തെങ്കാശിയിൽ എത്തിച്ചത്. വഴിയിൽ കോഴിഫാമിൽ നിന്നുള്ള മാലിന്യങ്ങളും ലോറിയിലേക്ക് കയറ്റി. ആലങ്കുളം കരുവങ്കോട്ടയിൽ വച്ച് കത്തിക്കാൻ തുടങ്ങിയപ്പോഴാണ് പൊലീസ് ഇടപെട്ടത്.
നെട്ടൂര്‍ ബി.ഡി.ഒ. ഗംഗാധരന്റെ പരാതിയെ തുടർന്ന് ലോറി ഡ്രൈവർ എം.പാർഥിപരാജിനെ അറസ്റ്റ് ചെയ്തു. ലോറി ഉടമ സത്യവതി, സ്ഥലമുടമ നല്ലവൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നല്ലവന്റെ അനുവാദത്തോടെയാണ് മാലിന്യം കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനായി അദ്ദേഹം പണം വാങ്ങിയിരുന്നു.