മഡ്രിഡ്: ലാ ലിഗയിൽ അത്ലറ്റിക് ബിൽബാവോയ്ക്കെതിരെ ബാഴ്സലോണ എതിരില്ലാത്ത 4 ഗോളുകളിലൂടെ വിജയം സ്വന്തമാക്കി. ഫ്രഞ്ച് താരം ഉസ്മാനെ ഡെംബെലെ ടീമിന്റെ നാല് ഗോളുകളിലും പങ്കാളിയായി. 12-ാം മിനിറ്റിൽ ഡെംബെലെ ആദ്യ ഗോൾ നേടി.
തുടർന്ന് സെർജി റോബർട്ടോ(18–ാം മിനിറ്റ്), റോബർട്ട് ലെവൻഡോവ്സ്കി(22), ഫെറാൻ ടോറസ്(73) എന്നിവരുടെ ഗോളുകൾക്ക് ഡെംബെലെ അസിസ്റ്റും നൽകി. 28 പോയിന്റുമായി ബാഴ്സ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 31 പോയിന്റുള്ള റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.
അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ 16ാം സ്ഥാനത്തുള്ള സതാംപ്ടണിനോട് ഒന്നാമൻമാരായ ആഴ്സണൽ 1-1ന് സമനിലയിൽ പിരിഞ്ഞു. 11-ാം മിനിറ്റിൽ ഗ്രാനിറ്റ് ജാക്ക ആഴ്സണലിനെ മുന്നിലെത്തിച്ചെങ്കിലും 65-ാം മിനിറ്റിൽ സ്റ്റുവർട്ട് ആംസ്ട്രോങ് സതാംപ്ടണിനായി സമനില ഗോൾ നേടി.