ഇറാൻ: ദക്ഷിണ കൊറിയയിലെ സിയോളിൽ ഹിജാബ് ധരിക്കാതെ കായികമേളയിൽ പങ്കെടുത്ത ഇറാനിൽ നിന്നുള്ള ക്ലൈമ്പിങ് താരം എൽനാസ് റെഖാബിയ്ക്ക് ടെഹ്റാൻ വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടമാണ് താരത്തെ കരഘോഷത്തോടെ സ്വീകരിച്ചത്.
ഈ വർഷത്തെ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സ്പോർട്സ് ക്ലൈംബിംഗ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഹിജാബ് ധരിക്കാതെയാണ് എൽനാസ് റെഖാബി മത്സരിച്ചത്. ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതാണെന്ന് ആരോപിച്ച് ഇറാൻ സർക്കാർ താരത്തെ തിരിച്ചുവിളിച്ചിരുന്നു. ഇതിന് പിന്നാലെ ക്ഷമാപണവും വിശദീകരണവുമായി എൽനാസ് രംഗത്തെത്തി.
ഹിജാബ് ധരിക്കാതെ മത്സരത്തിൽ പങ്കെടുത്തത് മനപ്പൂർവ്വമല്ലെന്നും തന്റെ പ്രവർത്തികൾ വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. “കൃത്യസമയത്ത് ആയിരുന്നില്ല എന്റെ പേര് വിളിച്ചത്. ഇതോടെ അപ്രതീക്ഷിതമായാണ് മത്സരത്തിനിറങ്ങിയത്. ഒരു തയ്യാറെടുപ്പുകളും നടത്തിയില്ല. എന്റെ ഹിജാബിലും പ്രശ്നമുണ്ടായിരുന്നു,” എൽനാസ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.