ഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ശശി തരൂരിന്റെ ട്വീറ്റ്. എല്ലാവർക്കും നന്ദി അറിയിച്ച് തരൂർ മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ ട്വീറ്റ് ചെയ്തു. ഈ ചരിത്രനിമിഷത്തെ രാഷ്ട്രീയത്തിലെ നാഴികക്കല്ലാക്കിയതിന് നന്ദിയെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.
വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം. പല പിസിസികളിലും തരൂരിന് തണുത്ത സ്വീകരണമാണ് ലഭിച്ചത്. എന്നാൽ ക്രമേണ അദ്ദേഹത്തിന്റെ പിന്തുണ വർദ്ധിക്കുന്നതായി കാണപ്പെട്ടു. മധ്യപ്രദേശ് പിസിസിയിൽ അദ്ദേഹത്തെ സ്വീകരിക്കാൻ കമൽനാഥ് തന്നെ എത്തിയിരുന്നു. യുവനേതാക്കളുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു.
അതേസമയം മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പ്രവർത്തകർ ഖാർഗെയുടെ വീട്ടിൽ എത്തികൊണ്ടിരിക്കുകയാണ്. രാവിലെ നേതാക്കൾ എത്തി ഖാർഗെയെ കണ്ടു. വീട്ടിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ആശംസ അറിയിച്ച് ഒരു ബോർഡ് വീടിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു.