മധു കൊലപാതക കേസിൽ വാദം പുരോഗമിക്കവേ അപ്രതീക്ഷിത നീക്കങ്ങളാണ് പ്രോസിക്യൂഷൻ നടത്തുന്നത്. കൂറുമാറിയ രണ്ട് സാക്ഷികളെ വിസ്തരിക്കണമെന്ന ആവശ്യം ഇന്നലെ കോടതി അംഗീകരിച്ചു. മധുവിന്റെ മരണം കസ്റ്റഡി മരണമാണോയെന്ന് പരിശോധിക്കാൻ നടത്തിയ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും നിർദേശം നൽകി.
2018 ൽ മധുവിന്റെ കൊലപാതകത്തിന് ശേഷം നടത്തിയ രണ്ട് മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടുകളുടെ ഉള്ളടക്കം ഇപ്പോഴും അജ്ഞാതമാണ്. മധുവിന്റെ മരണം കസ്റ്റഡി മരണമാണോ എന്നറിയാൻ രണ്ട് മജിസ്റ്റീരിയൽ അന്വേഷണങ്ങൾ നടത്തി. അതിലൊന്ന് ഒറ്റപ്പാലം സബ് കളക്ടറായിരുന്ന ജെറോം ജോർജ്ജ് നടത്തിയ അന്വേഷണമാണ്.
കൂടുതൽ വരിക്കാരുള്ള മൂന്ന് പത്രങ്ങൾ മജിസ്റ്റീരിയൽ അന്വേഷണത്തെക്കുറിച്ച് അറിയിപ്പ് നൽകി. മധുവിന്റെ മരണം കസ്റ്റഡി മരണമാണെന്ന് പരാതിയുള്ളവർ അറിയിക്കണമെന്നായിരുന്നു ഉള്ളടക്കം. പ്രതിയുടെ ബന്ധുക്കളോ മറ്റാരെങ്കിലുമോ ഇത്തരത്തിൽ പരാതി നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാകണമെങ്കിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരണം. അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്താണെന്നും വ്യക്തമല്ല.