തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രിമാരെക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഭീഷണിപ്പെടുത്തുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപിച്ചു. ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബന്ധുനിയമനവും സ്വജനപക്ഷപാതവുമാണ് ഗവർണർ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർ വിമർശിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന ഗവർണറുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.
അതേസമയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് ഗവർണറെ രാഷ്ട്രപതി ദ്രൗപദി മുർമു തടയണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. ഗവർണർ പദവിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ മന്ത്രിമാർ സംസാരിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന് ഗവർണർ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.