
മനാമ: ‘ഗ്യാസ്ട്രോണമി ടൂറിസം: സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെയും ഉള്‍പ്പെടുത്തലിന്റെയും ചാലകശക്തി’ എന്ന പ്രമേയത്തില്‍ ബഹ്റൈനില്‍ നടന്ന 9ാമത് യു.എന്‍. വേള്‍ഡ് ഫോറം ഓണ്‍ ഗ്യാസ്ട്രോണമി ടൂറിസം 2024 സമാപിച്ചു. ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി പങ്കെടുത്ത ചടങ്ങില്‍ ലോകമെമ്പാടുമുള്ള വിദഗ്ധരും ഒത്തുചേര്‍ന്നു.

മദ്ധ്യപൗരസ്ത്യ മേഖലയില്‍ ആദ്യമായി ഈ സുപ്രധാന ആഗോള സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതില്‍ ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റി (ബി.ടി.ഇ.എ) റിസോഴ്സ് ആന്റ് പ്രോജക്ട്സ് ഡെപ്യൂട്ടി സി.ഇ.ഒ. ദന ഒസാമ അല്‍ സാദ് അഭിമാനം പ്രകടിപ്പിച്ചു. ബഹ്റൈനിന്റെ സമ്പന്നമായ പാചക പാരമ്പര്യവും ടൂറിസം സാധ്യതകളും പ്രദര്‍ശിപ്പിക്കുന്നതില്‍ ഫോറത്തിന് വലിയ പങ്കുണ്ടെന്നും അവര്‍ പറഞ്ഞു.
ഫോറം സംഘടിപ്പിക്കുന്നതിലും അതിന്റെ ആതിഥ്യമര്യാദയിലും ബഹ്റൈന്‍ നടത്തുന്ന ശ്രമങ്ങളെ യു.എന്‍. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യു.എന്‍.ഡബ്ല്യു.ടി.ഒ) മിഡില്‍ ഈസ്റ്റിന്റെ റീജിയണല്‍ ഡയറക്ടര്‍ ബസ്മ അല്‍ മെയ്മാന്‍ അഭിനന്ദിച്ചു.


ആഗോളതലത്തില്‍ ഗ്യാസ്ട്രോണമി ടൂറിസം ആഘോഷിക്കുന്ന പരിപാടികളോടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന, ഫോറത്തിന്റെ പത്താം പതിപ്പ് സ്പെയിനിലെ സാന്‍ സെബാസ്റ്റ്യനില്‍ നടക്കുമെന്ന് അറിയിച്ചുകൊണ്ട് ബാസ്ക് പാചക കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറല്‍ ജോക്സെ മാരി ഐസെഗ സംഘാടകര്‍ക്കും പങ്കാളികള്‍ക്കും നന്ദി പറഞ്ഞു. സമാപനച്ചടങ്ങില്‍ ബാസ്ക് പാചക കേന്ദ്രത്തിലെ മാസ്റ്റേഴ്സ് ഇന്‍ ഗ്യാസ്ട്രോണമി ടൂറിസത്തിന്റെ കോ- ഓര്‍ഡിനേറ്റര്‍ ഡേവിഡ് മോറയും യു.എന്‍.ഡബ്ല്യു.ടി.ഒയിലെ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ഡയറക്ടര്‍ സാന്ദ്ര കാര്വാവോയും സംസാരിച്ചു.
